ukraine

കീവ്: റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള 'ചാനൽ 1' ന്റെ ലൈവ് വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ച് വനിതാ എഡിറ്റർ.വാർത്ത വായിച്ചിരുന്ന ന്യൂസ് റീഡറുടെ പിന്നിലെത്തിയാണ് എഡിറ്റർ മറീന ഒവ്‌സ്യാനികോവ പ്രതിഷേധിച്ചത്.

'യുദ്ധം അവസാനിപ്പിക്കൂ. ഇത് വിശ്വസിക്കരുത്. ഇവർ ഇവിടെയിരുന്ന് കള്ളം പറയുകയാണ് " മറീന പറഞ്ഞു. പിന്നാലെ വാർത്താ വായന തടസപ്പെട്ടു. എന്നാൽ തിങ്കളാഴ്ച നടന്ന സംഭവത്തിന് ശേഷം മറീനയെ കാണാനില്ലെന്ന വിവരം പുറത്തുവന്നിരുന്നു.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും കസ്റ്റഡിയിലായിരിക്കാമെന്നും സൂചനയുണ്ടായിരുന്നു. മറീന എവിടെയാണെന്ന് അറിയില്ലെന്നും അന്വേഷിക്കുകയാണെന്നും അവരുടെ അഭിഭാഷകർ പറഞ്ഞിരുന്നു. അതേ സമയം, മറീന ഇന്നലെ മോസ്കോയിലെ കോടതിയിൽ ഹാജരായതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുക്രെയിനിൽ റഷ്യ നടത്തുന്ന പ്രത്യേക സൈനിക നടപടിയെ പറ്റി വ്യാജവാർത്തകൾ പ്രചരിക്കുന്നതും, നടപടിയെ 'യുദ്ധം" എന്ന് വിശേഷിപ്പിക്കുന്നതും തടയുന്നതിന് റഷ്യയിൽ അടുത്തിടെ നിയമം പാസാക്കിയിരുന്നു. 15 വർഷം വരെ ജയിൽ ശിക്ഷയോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിവ. മറീനയ്ക്ക് ഒരുപക്ഷേ, 60,000 റൂബിൾ വരെ പിഴ ചുമത്തപ്പെട്ടേക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

യുദ്ധത്തിനെതിരെ മറീന മുമ്പും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. മുമ്പ് ടെലിവിഷൻ സ്ക്രീനിൽ വന്ന് കള്ളം പറയേണ്ടി വന്നതിൽ ലജ്ജയുണ്ടെന്നും റഷ്യൻ അധിനിവേശം ഒരു കുറ്റകൃത്യമാണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.

അതേ സമയം, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മറീനയ്ക്ക് നന്ദി പറഞ്ഞു. യുദ്ധ വിരുദ്ധ പോസ്റ്റർ ഉയർത്തി ചാനൽ പരിപാടി തടസപ്പെടുത്തിയ യുവതി ഉൾപ്പെടെ സത്യം ലോകത്തെ അറിയിക്കാൻ ശ്രമിക്കുന്ന എല്ലാ റഷ്യക്കാർക്കും നന്ദിയുണ്ടെന്ന് സെലെൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.