
മോസ്കോ : യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ തങ്ങൾക്ക് മേൽ ഉപരോധ പരമ്പര സൃഷ്ടിച്ച അമേരിക്കയ്ക്ക് ഉപരോധത്തിലൂടെ തന്നെ മറുപടി നൽകി റഷ്യ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ യു.എസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് റഷ്യ ഉപരോധം ഏർപ്പെടുത്തി.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, സി.ഐ.എ തലവൻ വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ എന്നിവർ ഉൾപ്പെടെ 13 പേരാണ് ഉപരോധ പട്ടികയിലുള്ളത്.
അതേ സമയം, ബെലറൂസ് പ്രസിഡന്റും പുട്ടിന്റെ അടുത്തയാളുമായ അലക്സാണ്ടർ ലുകാഷെൻകോയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഉപരോധം ഏർപ്പെടുത്തുന്നതായി യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നാല് റഷ്യൻ പൗരന്മാരും ഉപരോധ പട്ടികയിലുണ്ട്.