baby

തിരുവനന്തപുരം: ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത് തടഞ്ഞുള‌ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി. കർണാടക സർക്കാർ ഉത്തരവ് അനുവദിച്ച ഹൈക്കോടതി വിധി അങ്ങേയറ്റം ദു:ഖകരമാണെന്ന് ചൂണ്ടിക്കാട്ടിയ എം.എ ബേബി മതത്തിന്റെ പേരിൽ മുസ്ളീങ്ങളെ ഘെട്ടോകളിലേക്ക് തള‌ളാനേ വിധി സഹായിക്കൂ എന്നും അഭിപ്രായപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിൽ പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റുന്നത് ദോഷകരമാണെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ എം.എ ബേബി ഓർമ്മിപ്പിച്ചു.

എം എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ശിരോവസ്ത്രം ധരിച്ച് പെൺകുട്ടികൾ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത് തടയുന്ന കർണാടക സർക്കാരിന്റെ ഉത്തരവ് അനുവദിച്ച കർണാടക ഹൈക്കോടതി വിധി അങ്ങേയറ്റം ദുഃഖകരമാണ്; പ്രതിഷേധാർഹമാണ്.
പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷമുണ്ടാക്കും. മതത്തിന്റെ പേരിൽ മുസ്ലിങ്ങളെ ഘെട്ടോകളിലേക്ക് തള്ളാനാണ് ആത്യന്തികമായി ഈ വിധി സഹായിക്കുക. പണ്ട് ജർമനിയിൽ ജൂതരെ ഹിറ്റ്ലർ ചെയ്തപോലെ.
നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വിധി ഇക്കാര്യത്തിലെ അപ്പീലിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.