putin-biden

മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ളിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപരോധവുമായി റഷ്യ. പ്രതിരോധ സെക്രട്ടറി എ. ഓസ്റ്റിനെയും ഉപരോധം ഏർപ്പെടുത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ഉപരോധങ്ങൾക്കു പുറമേ ഈ 13 പേരെയും റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വിദേശകാര്യ മന്ത്രാലയമാണ് അമേരിക്കൻ നേതൃത്വത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്.

എന്നാൽ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും ചർ‌ച്ചകൾക്കും മറ്റുമായി ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് റഷ്യയിൽ വരേണ്ടി വന്നാൽ വിഷയത്തിന്റെ ഗൗരവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച് തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്നലെ നടന്ന യുക്രെയിൻ - റഷ്യ നാലാം ഘട്ട ചർച്ച ഇന്ന് വീണ്ടും തുടരും. ചർച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചു. യുക്രെയിൻ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോൺഫറൻസിലൂടെ ചർച്ച തുടങ്ങിയത്. യുക്രെയിനിൽ റഷ്യ അടിയന്തരമായി വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യൻ സൈന്യം പിന്മാറണമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.

എന്നാൽ, സൈനിക നടപടി തുടരുമെന്നും യുക്രെയിൻ പോരാട്ടം നിറുത്തിയാൽ മാത്രമേ തങ്ങൾ പിന്മാറൂ എന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചർച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു.

സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ ആവർത്തിച്ചു.