rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിതന്നെ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷയിൽ. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഏറെനാളത്തെ കൊടുംവേനലിന് ശേഷം സംസ്ഥാനത്ത് തലസ്ഥാനത്തടക്കം നേരിയ തോതിൽ മഴപെയ്‌തിരുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴയ്‌ക്ക് സാദ്ധ്യതയേറി. തെക്കൻ കേരളത്തിലാകും മഴ കൂടുതൽ ലഭിക്കുകയെന്നാണ് വിവരം.

മലയോരങ്ങളിലും വനങ്ങളിലും തീരപ്രദേശങ്ങളിലുമാണ് മഴ സാദ്ധ്യത കൂടുതൽ. ന്യൂനമർദ്ദം തമിഴ്‌നാട് തീരത്തേക്കാണ് നീങ്ങുകയെന്നാണ് സൂചന. മാർച്ച് 20ഓടെ മറ്റൊരു ന്യൂനമർദ്ദം രൂപംകൊള‌ളാനും സാദ്ധ്യത കാലാവസ്ഥാ നിരീക്ഷകർ കാണുന്നുണ്ട്. മാർച്ച് 20വരെ ശരാശരി വേനൽമഴയുണ്ടാകും. അതിനുശേഷം ന്യൂനമർദ്ദത്തിന്റെ സ്വഭാവമനുസരിച്ചാകും മഴ. വിവിധ ജില്ലകളിൽ ശരാശരിയെക്കാൾ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്ന സാഹചര്യമുണ്ടായി. പുനലൂരിൽ 39.2 ഡിഗ്രി രേഖപ്പെടുത്തിയതാണ് ഈ സീസണിലെ ഏറ്റവും വലിയ ചൂട്. വെള‌ളാനിക്കര-38.5, കോട്ടയം 37.5, എന്നിങ്ങനെ വിവിധയിടങ്ങളിൽ കനത്ത ചൂടാണ്. പകൽസമയത്ത് പുറംജോലികൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർ‌ദ്ദേശമുണ്ട്. മഴ ലഭിക്കുമെങ്കിലും ചൂടിനെത്തുടർന്നുള‌ള ജാഗ്രത വെടിയരുതെന്നാണ് നിർദ്ദേശം.