
കീവ്: റഷ്യയുമായുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. റഷ്യൻ നിലപാടുകൾ കടുത്തതെങ്കിലും ചർച്ച തുടരുമെന്നും യുക്രെയിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മൂന്ന് പ്രധാനമന്ത്രിമാർ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ സംഘം കീവിൽ എത്തിയിട്ടുണ്ട്. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിമാരാണ് സംഘത്തിലുള്ളത്. യുക്രെയിന് പിന്തുണ അറിയിച്ചാണ് സന്ദർശനം. സെലെൻസ്‌കിയുമായി സംഘം ചർച്ച നടത്തി.
ഇരുപത്തിയൊന്നാം ദിവസവും യുക്രെയിനിൽ യുദ്ധം തുടരുകയാണ്. കീവിൽ 35 മണിക്കൂർ കർഫ്യൂ തുടരുന്നതിനിടെ പലയിടത്തും വ്യോമാക്രമണമുണ്ടായി. പാർപ്പിട സമുച്ചയത്തിലും മെട്രോ സ്‌റ്റേഷനിലും റഷ്യ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
മരിയുപോളിൽ സ്ഥിതി ഗുരുതരമാണ്. ഡോക്ടർമാരെയും രോഗികളെയും ഉൾപ്പടെ നാനൂറോളം പേരെ തടങ്കലിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. യുക്രെയിനിൽ ഇതുവരെ 2,400 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യൻ അധിനിവേഷത്തെക്കുറിച്ചുള്ള യുക്രെയിന്റെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും.