
ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പതിമൂന്ന് നഗരങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മൂവായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിലായിരുന്നു അദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിൽ ആയപ്പോഴേക്കും രാജ്യത്ത് 85,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനുശേഷം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി.
എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗവ്യാപനം വീണ്ടും രൂക്ഷമായി. ഫെബ്രുവരി 18 മുതൽ പ്രതിദിന കേസുകൾ മൂന്നക്കം കടന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ശരാശരി 700 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയിൽ വർദ്ധനവുണ്ടായിട്ടില്ല.
ചൈനയിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് വ്യാപിക്കുന്നത്. പുതിയ വകഭേദങ്ങൾ ഉടലെടുക്കുമോ എന്ന ആശങ്ക ഗവേഷകർക്കിടെയിലുണ്ട്. കൊവിഡിന്റെ നാലാം തരംഗമാണോയിതെന്നും ആശങ്കയുണ്ട്.