silent-valley

പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമിതമാണെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ. സ്വാഭാവികമായ തീപിടിത്തമല്ല നടന്നിരിക്കുന്നതെന്നും വനംവകുപ്പിനോടും, ജീവനക്കാരോടുമുള്ള വിരോധം തീർക്കലാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ലൈഫ് വാർഡന്റെ വെളിപ്പെടുത്തൽ. ചൂട് കൂടിയതോടെയാവാം പാലക്കാട് ബഫർ സോണിൽ തീ പടർന്നതെന്ന നിഗമനത്തിലായിരുന്നു അധികൃതർ.

തീ സ്വാഭാവികമല്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി റിപ്പോർട്ട് തേടി. സൈലന്റ് വാലിയിലെ തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലായിരുന്നു തീ പടർന്നത്. മൂന്ന് ദിവസമായി തുടരുന്ന തീ ഇന്നലെയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി വൈൽഡ് ലൈഫ് വാർഡൻ എത്തിയത്.