dileep-ramanpilla

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത. അഡ്വ. ബി രാമൻ പിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയത്.

ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്നും നടി ആരോപിച്ചു. രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നും പരാതിയിൽ പറയുന്നു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. ഇരുപത് സാക്ഷികൾ കൂറ് മാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണ്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ബി രാമൻ പിള്ള. കക്ഷിയുമായി നേരിട്ട് ബന്ധപ്പെടാൻ മുതിർന്ന അഭിഭാഷകർക്ക് അനുവാദം ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരാതി സംബന്ധിച്ച് ബാർ കൗൺസിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.