
സിയോൾ: ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഒരു 'അജ്ഞാത ആയുധം' ആകാശത്തേക്ക് വിക്ഷേപിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം വിക്ഷേപണം പരാജയപ്പെട്ടുവെന്നാണ് വാർത്ത പുറത്തു വിട്ട ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചത്. മിസൈലാണെന്ന് സംശയിക്കുന്ന ഈ ആയുധം തലസ്ഥാന നഗരമായ പ്യോംഗ്യാംഗിന് പുറത്തുള്ള എയർഫീൽഡിൽ നിന്നാണ് തൊടുത്തിരിക്കുന്നതെന്നും സംശയമുണ്ട്. എന്നാൽ ഇത് ഉത്തരകൊറിയയുടെ ഹ്വാസോംഗ്-17 എന്നു വിളിക്കുന്ന 'മോൺസ്റ്റർ' മിസൈലിന്റെ പരീക്ഷണമായിരുന്നുവെന്നും ചില വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണെന്ന് യുഎസ് ആരോപിക്കുന്ന മിസൈലുകളുടെ മുൻ പരീക്ഷണങ്ങൾ ഉൾപ്പെടെ നിരവധി വിക്ഷേപണങ്ങൾ നടന്ന എയർഫീൽഡിൽ നിന്നാണ് ഈ വിക്ഷേപണവും നടന്നത്.
സുനാൻ മേഖലയിൽ നിന്ന് ബുധനാഴ്ച രാവിലെ 9 30 ഓടെ ആകാശത്തേക്ക് തൊടുത്ത പ്രൊജക്ടൈൽ തൊട്ടടുത്ത നിമിഷം തന്നെ പരാജയപ്പെട്ടുവെന്നാണ് സിയോളിലെ ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവി പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈൽ ആകാശത്തേക്ക് വിക്ഷേപിച്ചുവെന്ന് ജപ്പാനിന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജാപ്പനീസ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
പരാജയപ്പെട്ട ഈ വിക്ഷേപണമുൾപ്പടെ 2022ലെ ഉത്തര കൊറിയയുടെ പത്താമത്തെ ആയുധ പരീക്ഷണമാണിത്. ഇതിൽ ഏഴെണ്ണം മിസൈൽ പരീക്ഷണങ്ങളും രണ്ടെണ്ണം ഭൂപരിശോധനയ്ക്കായി ഉപയോഗിച്ച ഉപഗ്രഹവുമാണെന്നാണ് ഉത്തരകൊറിയയുടെ വാദം. ഇതിൽ തന്നെ അവർ പരീക്ഷിച്ച മിസൈലുകൾ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണെന്ന് അമേരിക്ക ആരോപിക്കുന്നു. മിസൈൽ, ആണവായുധ പദ്ധതികളുടെ പേരിൽ ഉത്തരകൊറിയയ്‌ക്കെതിരെ പല രാജ്യങ്ങളും ഇതിനകം തന്നെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിരന്തരമായുള്ള ഈ പരീക്ഷണങ്ങളുടെ ഗുരുതരമായ വർദ്ധനവ് രാജ്യത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാകുമെന്ന് യുഎസ് താക്കീത് നൽകിയിട്ടുണ്ട്.