feuok-dq

കഴിഞ്ഞ ദിവസമായിരുന്നു നടൻ ദുൽഖർ സൽമാന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേർപ്പെടുത്തിയത്. നടന്റെ പുതിയ ചിത്രമായ 'സല്യൂട്ട്' ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെതിരായിരുന്നു നടപടി. ദുൽഖറിന്റെ നിർമാണക്കമ്പനിയേയും വിലക്കിയിട്ടുണ്ട്.

ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ. ദുൽഖറിനെതിരായ വിലക്ക് തിയേറ്ററുകാരുടെ നിലനിൽപ്പിനുവേണ്ടി സംഘടന ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് കെ.വിജയകുമാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഒടിടിയെ പ്രൊമോട്ട് ചെയ്യുന്ന നടന്മാരെ ആ വഴിക്ക് അങ്ങ് വിട്ടുകൊടുക്കുക എന്നുള്ളത് മാത്രമേ തങ്ങൾക്ക് ചെയ്യാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സല്യൂട്ട് തിയേറ്ററിൽ റിലീസ് ചെയ്യാനായി കഴിഞ്ഞ ജനുവരി 14ന് കരാർ ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ എല്ലാ തിയേറ്ററുകളിലും ഫ്‌ളക്‌സ് വയ്ക്കുകയും പ്രൊമോഷനും ഓൺലൈൻ ബുക്കിംഗും തുടങ്ങുകയും ചെയ്തിരുന്നുവെന്നും വിജയകുമാർ പറഞ്ഞു.

സീറ്റുകൾ 100 ശതമാനം തുറന്നുകൊടുത്തു. പണ്ടത്തേക്കാൾ അനുകൂലമായ സമയമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിയേറ്ററുകൾ കൊണ്ട് വളർന്ന താരങ്ങൾ അവരുടെ ചിത്രങ്ങൾ റിലീസ് ചെയ്ത് പിന്തുണയ്‌ക്കേണ്ടതായിരുന്നു.താരങ്ങളെ സിംഹാസനത്തിൽ പിടിച്ചിരുത്തിയത് തിയേറ്ററുകാരാണെന്നും അതിന്റെ നന്ദി തിരിച്ചുണ്ടാകണമെന്നും ഫിയോക് ആവശ്യപ്പെട്ടു.