arya-rajendran

തിരുവനന്തപുരം: നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ വിതരണം ചെയ്യുന്നത് രാഷ്ട്രീയ വിവേചനത്തോടുകൂടിയാണെന്ന് ആരോപിച്ച് നഗരസഭാ എക്സിക്യുട്ടീവ് എൻജിനിയർ ബിന്ദു ജാസ്മിനെ ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചു.

സി.പി.എം വാർഡുകളായ ഇടവക്കോട്, ഞാണ്ടൂർക്കോണം, ശ്രീകാര്യം തുടങ്ങിയ വാർഡുകളിൽ 50 വീതം എൽ.ഇ.ഡി ലൈറ്റുകൾ കൊടുത്തപ്പോൾ ഒരേ റോഡിന്റെ മറുവശത്തുള്ള ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി എന്നീ വാർഡുകളിൽ ഒരു ലൈറ്റ് പോലും കൊടുക്കാൻ ഭരണസമിതി തയ്യാറായില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. ലൈറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ലിസ്റ്റ് മേയർ പറഞ്ഞതനുസരിച്ചാണ് തയ്യാറാക്കിയതെന്ന് ബിന്ദു ജാസ്മിൻ പറഞ്ഞതായി ബി.ജെ.പി കൗൺസിലമാർ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന വാർഡുകളിൽ മരാമത്ത് പണികളിൽ പോലും കാണിക്കുന്ന പക്ഷപാതപരമായ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളിൽ കൗൺസിലർമാർ ശക്തമായ സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ.ഗോപൻ പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച ഉപരോധം വൈകിട്ട് 5നാണ് അവസാനിച്ചത്‌.