sonia-sidhu

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. കനത്ത തോൽവിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷൻമാരെയും സോണിയ ഗാന്ധി പുറത്താക്കിയിരിയ്ക്കുകയാണ്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡിലെ ഗണേഷ് ഗൊദിയാൽ, ഗോവയിലെ ഗിരീഷ് ചൊദാൻകർ, ഉത്തർപ്രദേശിലെ അജയ് കുമാർ ലല്ലു, മണിപ്പുരിലെ എൻ.ലോകെൻ സിംഗ് എന്നിവരോടാണ് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു.

പഞ്ചാബിൽ അദ്ധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവര്‍ തോറ്റിരുന്നു. കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ് സോണിയ ഗാന്ധിയുടെ തീരുമാനം അറിയിച്ചത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് സുര്‍ജെവാല പറഞ്ഞു. സംസ്ഥാന ഘടകങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.