kidnapp

എടപ്പാൾ: വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകന്റെ നിർദേപ്രകാരം സുഹൃത്ത് തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടുപോയി. രണ്ട് കേസുകളിലുമായി അ‌ഞ്ച്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ഇപ്പോൾ വീട്ടുകാർക്ക് കൈമാറിയിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായത്. കുട്ടിയുടെ വിവാഹം ബുധനാഴ്ച നടത്താൻ വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ മൂന്ന് വർഷമായി പെൺകുട്ടി വിഷ്ണു(22) എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. വിഷ്ണുവിന്റെ നിർദേശാനുസരണമാണ് വിവാഹത്തിന് മുമ്പ് സുഹൃത്തായ അഹമ്മദ് നാസിൻ(23) കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിഷ്ണുവിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകാൻ സഹായിച്ച അഹമ്മദിനെ പിടികൂടിയത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും വിഷ്ണുവിനെയും സേലത്തുനിന്നും തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ കേസെടുത്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം വിഷ്ണുവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺകുട്ടിയുടെ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.