irinjalakuda

തൃശൂർ: സഹപാഠിയായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. ഇരിങ്ങാലക്കുടയിലാണ് സംഭവം. ചേലൂർ സ്വദേശി ടെൽസനാണ് കുത്തേറ്റത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ട് പേർ ശല്യം ചെയ്യുന്നത് കണ്ട സഹപാഠിയായ ടെൽസൺ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ യുവാവിനെ കുത്തുകയായിരുന്നു. ആലുവ സ്വദേശി രാഹുൽ, കാറളം സ്വദേശി ഷഹീർ എന്നിവരാണ് പ്രതികൾ. ഷഹീറാണ് ടെൽസനെ കുത്തിയത്. പിന്നാലെ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.

അതിവേഗം ബൈക്കിൽ പോയ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ചേ‌ർന്ന് ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടെൽസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.