dileep

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ സ്ഥിരീകരിച്ചു.


സ്വകാര്യ ഫോറൻസിക് വിദഗ്ദൻ സായിശങ്കർ ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഇയാളും കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.


ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്ന് ആരോപിച്ചാണ് നടി ബാർ കൗൺസിൽ സെക്രട്ടറിക്ക് പരാതി നൽകിയത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു.