
വാഷിംഗ്ടൺ: തന്റെ ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി ഇന്ത്യൻ വംശജനായ രാജാ ചാരി. എക്സ്‌പെടിഷൻ 66 ന്റെ ഭാഗമായി അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ഇദ്ദേഹം കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിന്റെ സോളാർ പാനലുകളുടെ നവീകരണത്തിന്റെ ഭാഗമായാണ് രാജാ ചാരിയും അദ്ദേഹത്തിന്റെ സഹ സഞ്ചാരി കെയ്ല ബാരണും എയർലോക്കിന്റെ സുരക്ഷയിൽ നിന്ന് ബഹിരാകാശത്തിന്റെ ശൂന്യതയിലേക്ക് എത്തിയത്. ഏകദേശം ആറര മണിക്കൂറായിരുന്നു രണ്ടു പേരും ബഹിരാകാശത്ത് ചെലവഴിച്ചത്.
ദിവസവും നിലയത്തിൽ നടത്തുന്ന ഗവേഷണങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും വൈദ്യുതോർജ്ജം പ്രദാനം ചെയ്യുന്നത് സോളാർ പാനലുകൾ ചേർത്തു വച്ച് നിർമ്മിച്ചിരിക്കുന്ന സോളാർ അറേകളാണ്. ഇത്തരത്തിലുള്ള എട്ട് അറേകളാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. ഇവയിൽ ചിലതിന്റെ പ്രവർത്തനം ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ എട്ടെണ്ണത്തിൽ ആറെണ്ണം പുതിയവ വച്ച് മാറ്റി സ്ഥാപിക്കാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഓരോ സോളാർ അറേയും മാറ്റി സ്ഥാപിക്കുന്നതിന് രണ്ടു തവണത്തെ ബഹിരാകാശ നടത്തം അനിവാര്യമായി വരും. അതിലൊന്ന് പരിഷ്‌കരണ കിറ്റ് ഉപയോഗിച്ച് വർക്ക് സൈറ്റ് തയ്യാറാക്കാനും രണ്ടാമത്തേത് പുതിയ സോളാർ അറേ സ്ഥാപിക്കാനുമാണ്. ഇതിൽ ആദ്യത്തെ ജോലിക്കാണ് ഇപ്പോൾ ചാരിയും ബാരണും നിലയത്തിനു പുറത്തെത്തിയത്. മാർച്ച് 23 നായിരിക്കും രണ്ടാമത്തെ ജോലിക്കായി സഞ്ചാരികൾ നിലയത്തിന് പുറത്ത് എത്തേണ്ടത്.
കെയ്ല ബാരൺ ബഹിരാകാശത്ത് നടക്കുന്നത് ഇത് രണ്ടാം തവണയാണ്. ഒരാഴ്ചയോളം നീണ്ട തയ്യാറെടുപ്പുകൾക്കു ശേഷമാണ് ഇരുവരും നിലയത്തിന് പുറത്തേക്കെത്തിയത്. അമേരിക്കൻ എയർഫോഴ്സിലെ അംഗമായിരുന്ന ചാരി 2017 ലാണ് നാസയിൽ ചേരുന്നത്. നാസയുടെ സ്‌പേസ് എക്സ് ക്രൂ മൂന്നിന്റെ മിഷൻ കമാൻഡറായിട്ടാണ് അദ്ദേഹം ഇപ്പോൾ നിലയത്തിലുള്ളത്. ഹൈദരബാദിൽ നിന്നുള്ള ശ്രീനിവാസ് ചാരിയാണ് അദ്ദേഹത്തിന്റെ പിതാവ്.