
അദ്വൈതവേദാന്ത ദർശനത്തെ സ്വതന്ത്രമായും കാലാനുരൂപമായും ശാസ്ത്രങ്ങളുടെയെല്ലാം മഹാശാസ്ത്രമായും അവതരിപ്പിച്ച ക്രാന്തദർശിയായിരുന്നു ശ്രീനാരായണ ഗുരുദേവൻ. പരമ്പരാഗത ശീലങ്ങളിൽ നിന്നും ശൈലികളിൽ നിന്നും വേറിട്ട് സമൂഹത്തിനൊപ്പം നിലകൊണ്ട ഋഷിത്വമാണ് ഗുരുവിന്റേത്. മനുഷ്യനൊപ്പം നടന്ന് അവനിലെ മനുഷ്യത്വം കെടാതെ കരുതുവാൻ ഉപദേശിച്ച ഗുരുവിന്റെ ദാർശനിക സമ്പത്തിൽ നിന്നുമാണ് ആധുനിക ചിന്തയുടേയും ആധുനിക നവോത്ഥാനത്തിന്റേയും ദ്വന്ദ്വാതീതമായ സമീകരണ ശാസ്ത്രത്തിന്റേയും പുതുകാലപ്പിറവി ഉണ്ടായിട്ടുള്ളത്. ആ ആത്മദീപമാണ് ആത്മോപദേശശതകമായി ഇന്ന് മനുഷ്യകുലം നെഞ്ചോട് ചേർത്തു വയ്ക്കുന്ന പുണ്യകൃതി.
ഒരേസമയം വചനമായും മനനമായും മൗനമായും ധ്യാനമായും ആനന്ദമായും അമൃതായും ശാസ്ത്രമായും ഒക്കെ നമ്മുടെ ചിന്തയിലും ജീവിതത്തിലും നിറഞ്ഞൊഴുകുന്ന ആത്മോപദേശശതകം അനുഭവ മധുരമായാൽ നമ്മുടെ ജീവിതം ഉത്കൃഷ്ടമായിത്തീരും. മംഗളകരമായിത്തീരും. പക്ഷേ വായന മാത്രം കൊണ്ട് ഈ ഗുരുകൃതി അനുഭവമാകുകയില്ല. ഗുരുദേവ കൃതികളുടെ സവിശേഷതയും അതാണ്. ഒറ്റവായനയിൽ തന്നെ അത് ഹൃദിസ്ഥമായെന്ന് തോന്നും. എന്നാൽ ആലോചിക്കുംതോറും അതൊട്ടും ഉള്ളിലെത്തിയിട്ടിെല്ലന്ന് ബോദ്ധ്യമാകുകയും ചെയ്യും. അതുകൊണ്ട് ഗുരുവിന്റെ വാക്കും പൊരുളും അറിയാനും അനുഭവിക്കാനും ഒരു തുറന്നിടൽ ആവശ്യമുണ്ട്. അനുഭവിയാതറിവീല എന്നു ഗുരുദേവൻ തന്നെ പറയുന്നുണ്ടല്ലോ. ഈയർത്ഥത്തിൽ ആത്മോപദേശ ശതകത്തിന്റെ ഉള്ള് അറിയാനും അനുഭവിക്കാനും സഹായകമായ ഒരു തുറന്നിടലാണ് സ്വാമി സാന്ദ്രാനന്ദയുടെ 'ആത്മോപദേശ ശതകം ഒരു സാധകന്റെ സഞ്ചാരം" എന്ന ഗ്രന്ഥം.
പ്രകാശം പോലെയാണ് ഇതിലെ വചനങ്ങളെല്ലാം. ഓരോ പ്രകാശത്തിനും നമുക്ക് തരുവാൻ കാഴ്ചകളുണ്ട്. ആ പ്രകാശമില്ലെങ്കിൽ ഇരുളിന്റെ ആഴത്തിലേയ്ക്ക് നമ്മൾ വീണു പോകുമെന്ന് അറിയണം. അങ്ങനെയൊരു വീഴ്ചക്കിടയുണ്ടാക്കാതെ അറിവിന്റെ തെളിമയിലേയ്ക്ക് നമ്മെ നയിക്കുന്ന നിലവിളക്കാണ് സ്വാമിയുടെ ഈ ഗ്രന്ഥം. ആ അറിവിന്റെ അനുഭവമണ്ഡലം ഇതിന്റെ തെളിമയിൽ നമുക്ക് തുറന്ന് കിട്ടും, അതും ക്ലേശഭാരമൊന്നുമില്ലാതെ തന്നെ. ആത്മാവിന്റെ നിരതിശയ സത്തയെ ഇതിലും ലളിതമായും തെളിമയായും പറയാനാകുകയില്ല. അത്രമാത്രം അരിച്ചെടുത്ത വാക്കുകൾ കൊണ്ടാണ് സ്വാമി ആത്മോപദേശ ശതകത്തിന്റെ അകകാഴ്ചകളിലേയ്ക്ക് നമ്മെ നടത്തിക്കുന്നത് . മണൽത്തരികൾ വീഴും പോലെയാണ് ഇതിലെ ഓരോ പദങ്ങളും അടുക്കിയടുക്കി നമ്മുടെ ഹൃദയത്തിലേയ്ക്ക് പതിക്കുന്നത്. ഒരിക്കൽ പതിച്ചാൽ അവയുടെ വ്യക്തതയെ മറ്റൊന്നിനും മറയ്ക്കാനാകില്ല. അതൊരു പ്രകൃതിയായി നമ്മിലുറയ്ക്കും. ആ പ്രകൃതിയിൽ മനസ്സടക്കിയാൽ മതി. ആത്മാവിന്റെ നിരുപാധികമായൊരു നാദം നമ്മിലാകെപായുന്നിതാ പരന്നൊരുപോൽ എന്ന് ഗുരുവരുളിയ മാതിരി അതൊരനുഭൂതിയായി നിറയുകയാണ്. അതാകട്ടെ അറിവിലൂടെ അറിവിലുേമറിയ അനുഭവ മഹിമയുടെ കരുതലോടെയാണ്.
സർവദ്വന്ദ്വങ്ങളും അസ്തമിക്കുന്ന ആത്മാനുഭൂതിയിലേയ്ക്കാണ് ഇവിടെ സാധകന്റെ സഞ്ചാരം. ഇനി കയറാനും കേൾക്കാനും പറയാനുമില്ലാത്തൊരിടത്തെത്തുന്നതോടെ വാക്കുകൾ അതുമിതുമല്ലെന്ന നിലയിലെത്തി പ്രണവമയമായിത്തീരുന്നു. അതാണ് അഹംസച്ചിതമൃതമെന്ന് തെളിഞ്ഞു കിട്ടുന്ന നില. ഈ അദ്വൈതനില പാണ്ഡിത്യത്തിന്റെയും വളച്ചെടുത്ത വിവരണാധിക്യത്തിന്റേയും പ്രകടനപരത കൊണ്ട് പലപ്പോഴും മറയപ്പെട്ടു പോകുന്ന ഒട്ടധികം വ്യാഖ്യാനങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളതെന്ന് കൂടി തിരിച്ചറിയുക. ഗുരുദർശനമെന്ന സാഗരത്തിൽ ഒരുചിൻമുദ്രയായി ഒരു ഗുരുപ്രസാദമായി ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തപ്പെടുമെന്ന ഉത്തമവിശ്വാസത്തോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്. അരുവിപ്പുറം മഠത്തിലെ സാധനാ പഠനസംഘം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില ₹ 450
(സാന്ദ്രാനന്ദ സ്വാമിയുടെ ഫോൺ: 9400475545)