thrikkadavoor-sivaraju

ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങാണ് കൊല്ലം ജില്ലയിലെ ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി. പഴനി കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ദർശനമുള്ള സുബ്രഹ്മണ്യ ക്ഷേത്രമെന്ന നിലയിലും നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഉമയനല്ലൂർ ക്ഷേത്രം പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ പ്രസിദ്ധമായ ജല്ലിക്കെട്ടിനേക്കാൾ ആയിരമിരട്ടി അപകട സാദ്ധ്യതയുള്ള ചടങ്ങാണ് ഇവിടുത്തെ ആനവാൽപ്പിടി. എന്നിരുന്നാലും ഭക്തർക്ക് ഇതുവരെയും ഒരാപത്തും ഉണ്ടായിട്ടില്ല എന്നതും അത്ഭുതമാണ്.

ആനവാൽപ്പിടിക്കെത്തുന്ന ആനയ‌്‌ക്ക് ഭൂമിയോളം ക്ഷമയും സഹിഷ്‌ണുതയും വേണം. ഗജരാജൻ തൃക്കടവൂർ ശിവരാജു ഇക്കാര്യത്തിൽ കേമനാണ്. തലേക്കെട്ടുമായി ആനപ്പുറത്തിരുന്നാണ് പാപ്പാൻ കാര്യങ്ങൾ നിയന്ത്രിക്കുക. ആന ക്ഷേത്രനടയിലെക്കെത്തി നിമിഷങ്ങൾക്കുള്ളിൽ മണിമുഴങ്ങും. 'ഹര ഹരോ ഹര ഹര' എന്ന ശരണമന്ത്രങ്ങൾ മുഴങ്ങുമ്പോൾ ഗജവീരൻ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഭക്തസഹസ്രങ്ങൾക്ക് നടുവിലൂടെ ഓടുകയായി. പാഞ്ഞോടുന്ന ആനയുടെ പിന്നാലെ യുവാക്കളുമോടും. ഓട്ടത്തിനിടയിൽ ആനയുടെ വാലിൽ പിടിക്കുന്നയാൾ വിജയിയാകും.