
ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലുകൾ തിടുക്കപ്പെട്ട് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പരീക്ഷകൾ വരുന്നതിനാൽ കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. നിരവധി പെൺകുട്ടികളെ ഹൈക്കോടതിയുടെ ഉത്തരവ് ബാധിക്കുമെന്ന് വാദി ഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് ഞങ്ങൾക്ക് സമയം തരൂ, ഞങ്ങൾ നോക്കാം എന്ന് അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് കർണാടക ഹൈക്കോടതി ഇസ്ലാമിന്റെ മതപരമായ ആചാരങ്ങളിൽ ഹിജാബ് അനിവാര്യമല്ലെന്ന് വിധിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ മതപരമായ വസ്ത്രങ്ങളും വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തത്. സ്‌കൂൾ യൂണിഫോം ന്യായമായ നിയന്ത്രണമാണെന്നും കർണാടക സർക്കാരിന്റെ ഉത്തരവ് അവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ സുപ്രീം കോടതിയിലെത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി, മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാം വിശ്വാസപ്രകാരം അനിവാര്യമായ മതാചാരമല്ലെന്നും, ഹിജാബിന് ഭരണഘടനാ പരിരക്ഷയില്ലെന്നും വിധിച്ചിരുന്നു. ക്ലാസിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു കേളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ചരിത്രവിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്ക് ശേഷം 144ാം വകുപ്പ് പ്രകാരം ഇന്ന് ഉഡുപ്പിയിൽ സ്‌കൂളുകളും കോളേജുകളും തുറന്നു.
കോളേജുകളിലും സ്‌കൂളുകളിലും തുല്യതയും ക്രമസമാധാനവും തകർക്കുന്ന വസ്ത്രങ്ങൾ നിരോധിച്ച് ഫെബ്രുവരി 5ന് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിനെതിരെയാണ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്. വാദത്തിനിടെ, കഴിഞ്ഞ മാസം ഹിജാബും കാവി സ്‌കാർഫും ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ കോടതി താൽക്കാലികമായി നിരോധിച്ചിരുന്നു.
ബംഗളൂരുവിൽ നിരോധനാജ്ഞ
വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബംഗളൂരു നഗരത്തിൽ ഇന്നലെ മുതൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധർവാദ്, കൽബുർഗി, ശിവമോഗ ജില്ലകളിലും നിരോധനാജ്ഞയുണ്ട്.
വിവാദത്തുടക്കം
ജനുവരിയിൽ ഉഡുപ്പി ഗവ. വനിതാ പ്രീ യൂണിവേഴ്സിറ്റി കേളേജിൽ ഹിജാബ് ധരിച്ച ആറു വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെയാണ് വിവാദം തുടങ്ങിയത്. വിദ്യാർത്ഥിനികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ,കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഹിജാബ് വിവാദം കൂടുതൽ കോളേജുകളിലേക്ക് വ്യാപിച്ചു. കാവിഷാൾ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ പല കാമ്പസുകളിലും സംഘർഷമായി.