
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടങ്ങുമ്പോൾ. സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് എന്ന പേരിൽ തുടങ്ങിയ പുതിയ അവാർഡ് സ്വീകരിക്കാനെത്തുന്ന ലിസ കലാൻ എന്ന കുർദിഷ് സംവിധായക മുഖ്യാകർഷണമാകും. ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലും തളരാതെ സിനിമയോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്നതിനാലാണ് ലിസ പുരസ്കാരത്തിന് അർഹയായത് .26-ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും. അഞ്ച് ലക്ഷം രൂപയാണ് പുരസ്കാര തുക. തുടർന്ന് മേളയുടെ രണ്ടാംദിനമായ 19ന് രാവിലെ 9ന് ഏരീസ് പ്ലക്സിൽ ലിസയുടെ ദ ടംഗ് ഒഫ് ദ മൗണ്ടെൻസ് എന്ന ചിത്രം പ്രദർശപ്പിക്കും.
ഐസിസ് എന്ന ഭീകരസംഘടന 2015 ൽ തിരഞ്ഞെടുപ്പ് റാലിക്കിടെ തുർക്കിയിലെ ദിയാർബക്കിർ എന്ന പട്ടണത്തിൽ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട യുവ കുർദിഷ് ചലച്ചിത്ര നിർമ്മാതാവായ ലിസ കലാൻ. വീൽചെയറിന്റെ സഹായത്തോടെ ജീവിതം മുന്നോട്ടുനീക്കിയ ലിസ, 6 വർഷത്തെ വൈദ്യശാസ്ത്രപരവും സാമ്പത്തികവുമായ പോരാട്ടങ്ങൾക്കുശേഷം കൃത്രിമ കാലുകൾ ഉപയോഗിച്ച് വീണ്ടും നടക്കാനും സിനിമ ചെയ്യാനും തുടങ്ങി. 360° വെർച്വൽ റിയാലിറ്റി സാങ്കേതികത ഉപയോഗിച്ച് ലിസ അടുത്തിടെ ഒരു ഹ്രസ്വചിത്രം നിർമ്മിച്ചു. ഒരു കുർദിഷ് വനിത എന്ന നിലയിൽ, കുർദുകളുടെ കഥകൾ, പോരാട്ടങ്ങൾ, സംസ്കാരം എന്നിവ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഒരു മാദ്ധ്യമമായി സിനിമയെ ഉപയോഗിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി ലിസ കരുതുന്നു.
അവരുടെ അചഞ്ചലമായ ഇച്ഛാശക്തി, നിശ്ചയദാർഢ്യം എന്നിവയെ മാനിച്ചാണ് അവാർഡ് സമർപ്പിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ഐ.എഫ്.എഫ്.കെയുടെ ഭാവി പതിപ്പുകളിൽ ഇത്തരം ചലച്ചിത്ര പ്രവർത്തകരെ തങ്ങൾ തുടർന്നും ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.