df

ന്യൂഡൽഹി: വിമാന ഇന്ധനവില 18 ശതമാനം ഉയർത്തി എണ്ണക്കമ്പനികൾ. ഇതോടെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവലിന്റെ വില റെക്കാഡ് ഉയരത്തിൽ എത്തി. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് ഒരു ലക്ഷം രൂപ പിന്നിട്ടു.
കിലോ ലിറ്ററിന് 17,135.63 രൂപയുടെ വർദ്ധനയാണ് വിമാന ഇന്ധനത്തിന് വരുത്തിയത്. ഇതോടെ എ.ടി.എഫ്(ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില 1,10,666.29 രൂപയായി ഉയർന്നു. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധനത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ എ.ടി.എഫ് നിരക്ക് ഉയർത്തുന്നത്. അതേസമയം, ഇന്ത്യയിലെ പെട്രോൾ-ഡീസൽ വില തുടർച്ചയായ 132-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബർ നാലിനാണ് ഇതിന് മുമ്പ് പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയത്.

 യാത്രാനിരക്ക് കൂടും

വിമാന ഇന്ധനവില ഉയർന്നതോടെ വിമാനയാത്രാനിരക്കും ഉയരും. എയർലൈൻ ചെലവുകളുടെ 40 ശതമാനത്തിലേറെയും ഇന്ധനച്ചെലവാണ്. ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നതോടെ എയർലൈനുകളുടെ ആകെച്ചെലവ് 7-8 ശതമാനം വർദ്ധിക്കും.

 ക്രൂഡോയിൽ വില താഴ്ന്നു

ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ചയാണ് എണ്ണവില 100 ഡോളറിന് താഴെയെത്തിയത്. പിന്നീട് വില ചെറിയ രീതിയിൽ ഉയർന്ന് ഇന്നലെ 102.7 ഡോളറിലെത്തി. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30 ശതമാനമാണ് കുറഞ്ഞത്.

 എന്തുകൊണ്ട് ക്രൂഡ് വില കുറഞ്ഞു?

1, ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. കൊവിഡ് -19 കേസുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി ചൈന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

2, 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ യു.എസും റഷ്യയും ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിലെ എണ്ണ വിതരണ ആശങ്കകൾക്ക് അയവ് വരുത്തി.