
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിൽ ബോളിവുഡ് താരം സൽമാൻ ഖാൻ. ചിത്രത്തിലെ നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാംഗ്സ്റ്റർ കഥാപാത്രമായാണ് സൽമാൻ ഖാൻ എത്തുക. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് പുനരവതരിപ്പിക്കുന്നത്. സത്യദേവ് കഞ്ചരണ, സത്യദേവ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ പറഞ്ഞിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ഭൂതകാലം തെലുങ്കിൽ വ്യത്യസ്തമാണന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ പൊളിറ്റിക്കൽ ത്രില്ലറായിരുന്നെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയാണ് ചിത്രമൊരുക്കുന്നത്. ഛായാഗ്രഹണം: നിരവ് ഷാ. എഡിറ്റിംഗ്: ശ്രീകർ പ്രസാദ്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് നിർമ്മാണം.