
ന്യൂഡൽഹി: ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇടൂറിസ്റ്റ് വിസയുമായി കേന്ദ്ര സർക്കാർ.
156 രാജ്യങ്ങളിലെ പൗരന്മാർക്ക് 5 വർഷത്തെ സാധുതയുള്ള ഇടൂറിസ്റ്റ് വിസ ഇന്ന് മുതൽ പുനഃസ്ഥാപിച്ചു നൽകി. കൊവിഡ് കാരണം 2020 മാർച്ച് മുതൽ ഈ സേവനം നിർത്തലാക്കിയിരുന്നു. ഇത് കൂടാതെ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള പേപ്പർ ടൂറിസ്റ്റ് വിസയും സർക്കാർ പുനഃസ്ഥാപിച്ചിട്ടുണ്ട്.
സന്ദർശകരിൽ യു എസ്, ജപ്പാൻ പൗരൻമാർക്ക് ദീർഘകാലത്തേയ്ക്കുള്ള റെഗുലർ ടൂറിസ്റ്റ് വിസയും അനുവദിച്ചിട്ടുണ്ട്. മറ്റു രാജ്യക്കാർക്ക് അഞ്ച് വർഷത്തെ വിസ നൽകുമ്പോൾ യു എസ്, ജപ്പാൻ പൗരൻമാർക്ക് 10 വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാവും അനുവദിക്കുക. രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിഞ്ഞ അവസ്ഥയായതിനാൽ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് സർക്കാർ ഈ നടപടി കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.