
തിരുവനന്തപുരം: ലാ കോളേജ് വിഷയത്തിൽ ഇടതു വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി. ഏറ്റവും പ്രബലമായ ഒരു വിദ്യാർത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിരു വേണമെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ലാ കോളേജിലെ സംഭവത്തെ പറ്റി പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടി കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗുരുതര സ്വഭാവമുള്ള വിഷയമായി സംഭവത്തെ സഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പോലീസിനെയും നിശിതമായി വിമർശിച്ചു. സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് ഉറഞ്ഞു തുള്ളുന്ന കെ എസ് യുക്കാരനെ പോലെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണ്. സംഘടനയിലെ പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ചറിയാൻ പോലും സാധിക്കില്ല. ഗൗരവകരവും ക്രൂരവുമായ കൃത്യമാണ് ലാ കോളേജിൽ നടന്നത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ക്യാമ്പസുകളിൽ പണ്ടു മുതലേ അക്രമം അഴിച്ചു വിടുന്നത് കെ എസ് യുവാണ്. അവരുടെ അക്രമങ്ങളെ നേരിട്ടാണ് എസ് എഫ് ഐ വളർന്നത്. ലാ കോളേജിലെ സംഭവവുമായി ബന്ധപ്പെട്ട് ഇരു സംഘടനകളുടെയും പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ ഗൗരവകരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ താൻ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. പല രാഷ്ട്രീയ അതിക്രമങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ഇവിടെ വരെ എത്തിയത്. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടേത് ഗുണ്ടകൾക്ക് പ്രചോദനം നൽകുന്ന വാക്കുകളാണെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.