imran-khan-

ന്യൂഡൽഹി : പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ പാകിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് തിരിച്ചും മിസൈൽ അയച്ച് പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് പാകിസ്ഥാൻ ആദ്യം തീരുമാനിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ തിരിച്ചടിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കിടയിൽ എന്തോ തകരാർ സംഭവിച്ചതിനാൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാഥ്നാഥ് സിംഗ് പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് നീക്കത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നത്. മാർച്ച് ഒൻപതിനാണ് ഇന്ത്യൻ മിസൈൽ പാക് മണ്ണിൽ പതിച്ചത്.

പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും, സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു. '2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ ആകസ്മികമായ മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണ് അത്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു'. മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഖേദകരമാണ്. എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

അതിർത്തി ഭേദിച്ച് പാകിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് ഇന്ത്യൻ മിസൈൽ വീണത്. ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലാതെ മറ്റൊരു സൂചനയും ഈ വിഷയത്തിൽ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അമേരിക്കയും വെളിപ്പെടുത്തി. ഇതോടെ സംഭവത്തിൽ അന്താരാഷ്ട്ര തലത്തിലും പാകിസ്ഥൻ ഒറ്റപ്പെട്ടു. അതിനാൽ തന്നെ തിരിച്ചടിക്ക് ശ്രമിച്ചാൽ അത് തീക്കളിയാകുമെന്ന് പാകിസ്ഥാന് അറിയാം. പ്രത്യേകിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടിലായ പാകിസ്ഥാന് ഇന്ത്യയ്ക്ക് നേരെ നിൽക്കുവാനുള്ള ആയുധ ശേഷി പോലുമില്ല. ഹരിയാനയിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ ബ്രഹ്മോസ് മിസൈൽ കുതിച്ചുയർന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇന്ത്യ ഏത് മിസൈലാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.