anjali

കൊച്ചി : നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസിലെ പ്രതിയായ അഞ്ജലി റീമ ദേവിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ കമ്മീഷണർ ഓഫീസിലാണ് അഞ്ജലിയെ ചോദ്യം ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അഞ്ജലി റീമാദേവ് ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് നൽകുകയായിരുന്നു.

കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. കേസിൽ എന്നായാലും സത്യം തെളിയുമെന്ന് ഇവർ നേരത്തെ പ്രതികരിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇവർ വ്യക്തമാക്കി. അഞ്ജലിയ്ക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് ഇവർ ഇന്ന് പോക്‌സോ കോടതിയിൽ ഹാജരായത്.

നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല. ഒടുവിലാണ് കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണ സംഘം നോട്ടീസ് നേരിട്ട് നൽകിയത്. നേരത്തെ നമ്പർ18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാട്ട്, രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ എന്നിവർ കീഴടങ്ങിയിരുന്നു. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്.