
മൗണ്ട് മാംഗന്യൂയി: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ 4 വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ് ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നു പതറിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തിൽ 31.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (136/6). 4 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ ആദ്യ ജയമാണ് ഇത്. ബാറ്റിംഗ് നിരചീട്ടുകൊട്ടാരം പോലെ വീണപ്പോൾ അൽപ്പമെങ്കിലും പിടിച്ചു നിന്നത് സ്മൃതി മന്ഥനയും (35) , റിച്ച ഘോഷും (33), 26 പന്തിൽ 1 ഫോറും 2 സിക്സുും ഉൾപ്പെടെ 20 റൺസെടുത്ത ജുലൻ ഗോസ്വാമിയും മാത്രം. നാല് വിക്കറ്റ് വീഴ്ത്തിയ ചാർലി ഡീനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. 
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 4 റൺസെടുക്കന്നതിനിടെ ഓപ്പണർമാരായ ബ്യൂമോണ്ടും ( 1), ഡാനി വ്യാട്ടും (1) യഥാക്രമം ജുലനും മേഘ്നയ്ക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ ഹീതർ നൈറ്റും (പുറത്താകാതെ 53), നാത് സ്കൈവറുമാണ് (45) ഇംഗ്ലണ്ടിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ചത്.
ജുലൻ @250
വനിതാ ലോകകപ്പിൽ ഇന്നലെ ഇംഗ്ലണ്ടിനെതിരെ തോറ്റെങ്കിലും ഇന്ത്യൻ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി ഒരു വമ്പൻ റെക്കാഡ് സ്ഥാപിച്ചു. ഏകദിനത്തിൽ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കാഡാണ് ജുലൻ സ്വന്തമാക്കിയത്.  ഇംഗ്ലീഷ് ഓപ്പണർ ബ്യൂമോണ്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ജുലൻ ഏകദിനത്തിൽ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വനിതാ താരമായത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമായുള്ള ജുലന് പിന്നിൽ രണ്ടാമതുള്ള ആസ്ട്രേലിയയുടെ മുൻ താരം കാതറിൻ ഫിറ്റ്സ് പാട്രിക്കിന്റേയും ദക്ഷിണാഫ്രിക്കയുടെ ശബ്നും ഇസ്മായിലിന്റേയും കൈവശം 180 വിക്കറ്റുകളേ ഉള്ളൂ എന്നറിയുമ്പോഴാണ് ജുലന്റെ നേട്ടത്തിന്റെ വലിപ്പം വ്യക്തമാകുന്നത്.