
ചണ്ഡീഗഡ് : തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദ്ധാനങ്ങൾ നിരത്തുന്ന പാർട്ടികൾ അധികാരത്തിലേറിയാൽ അതിൽ പലതും നടപ്പാക്കാതെ മൗനത്തിലാകുന്നതാണ് പതിവ്. എന്നാൽ ഇതിന് ഒരു അപവാദമായിരുന്നു ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടിയുടേത്. കേജ്രിവാളിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാർ സൗജന്യ വൈദ്യുതി, ജലം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ജനത്തിന് സമ്മാനിച്ചത്. ഇത് കണ്ട് കൊണ്ടാവണം പഞ്ചാബിലെ ജനങ്ങളും ആം ആദ്മിക്ക് കൈ കൊടുക്കാൻ തയ്യാറായത്. എന്നാൽ പഞ്ചാബിൽ ആം ആദ്മി വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. സംസ്ഥാന അസംബ്ലിയിലെ 117ൽ 92 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി സർക്കാർ ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയിരുന്നു. ഇതിന് മുന്നോടിയായി മാർച്ച് 13 ന് അമൃത്സറിൽ നടന്ന റോഡ്‌ഷോയിൽ തങ്ങൾ നൽകിയ വാഗ്ദ്ധാനങ്ങളെല്ലാം ഉടൻ നടപ്പിലാക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.
വാഗ്ദ്ധാനങ്ങളും പണവും
ആം ആദ്മി പാർട്ടി പഞ്ചാബികൾക്ക് നൽകിയ പ്രധാനപ്പെട്ട രണ്ട് വാഗ്ദ്ധാനങ്ങളായിരുന്നു വീടുകൾക്ക് ഓരോന്നിനും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഓരോ സ്ത്രീക്കും 1,000 രൂപ ധനസഹായവും. എന്നാൽ ഈ രണ്ട് വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ മാത്രം 20,600 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് കണക്കാക്കുന്നു. നിലവിൽ പഞ്ചാബ് വലിയ സാമ്പത്തിക ബാദ്ധ്യതയിലാണ്. 2.82 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയാണ് പഞ്ചാബിനുള്ളത്. ഇതിന് പുറമേ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം കൂടി നടപ്പിലാക്കാനാവുമോ എന്നും സാമ്പത്തിക വിദഗ്ദ്ധർ ചോദിക്കുന്നു. സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു വഴി നികുതി വർദ്ധിപ്പിക്കലാണ്. എന്നാൽ പഞ്ചാബിൽ എഎപി അധികാരത്തിലെത്തിയാൽ പുതിയ നികുതി ചുമത്തില്ലെന്ന് പ്രചാരണത്തിനിടെ കേജ്രിവാൾ പറഞ്ഞിരുന്നു.
എഎപി പ്രഖ്യാപിച്ചതുപോലെ എല്ലാ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കണമെങ്കിൽ കുറഞ്ഞത് 5000 കോടിയെങ്കിലും സബ്സിഡി നൽകേണ്ടി വരും. ഇതിന് പുറമേ സ്ത്രീകൾക്കുള്ള ആയിരം രൂപ ധനസഹായം നൽകണമെങ്കിൽ 15,600 കോടി രൂപ കൂടി കണ്ടെത്തണം. പഞ്ചാബിൽ പതിനെട്ട് വയസിന് മുകളിൽ 1.3 കോടി സ്ത്രീകളുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും നേതൃത്വത്തിലുള്ള മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുകയാണ് ആം ആദ്മി.
2017ൽ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിൽ എത്തിയപ്പോൾ 1.82 ലക്ഷം കോടി രൂപ കടബാദ്ധ്യത ഉണ്ടായിരുന്നത് ഇപ്പോൾ 2.82 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ 2013 വരെ പഞ്ചാബിൽ റവന്യൂ മിച്ചമുള്ള സംസ്ഥാനമായിരുന്നു. സംസ്ഥാന ബഡ്ജറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഇപ്പോൾ വരുമാനത്തിന്റെ 20 ശതമാനം കടങ്ങൾ വീട്ടുന്നതിനായിട്ടാണ് പഞ്ചാബ് ചെലവഴിക്കുന്നത്. ഡൽഹിയിൽ സുരക്ഷ ഉൾപ്പടെയുള്ള സേവന മേഖലകൾ കേന്ദ്ര സർക്കാർ നേരിട്ടാണ് നടത്തുന്നത്. എന്നാൽ പഞ്ചാബിൽ എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സർക്കാരിന്റെ ചുമലിലാവും ഉണ്ടാവുക.