
അഞ്ച് പേരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
ന്യൂഡൽഹി: മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് വിവാദമായ 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്റ്റർ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ സി.എ.ജിയും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ശശികാന്ത് ശർമ്മ, മുൻ വ്യോമസേനാ ഉപമേധാവി വൈസ് മാർഷൽ ജസ്‌ബീർ സിംഗ് പനേസർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടി.
വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ടെസ്റ്റിംഗ് പൈലറ്റ് എസ്.എ. കുന്തെ, മുൻ വിംഗ് കമാൻഡർ തോമസ് മാത്യു, മുൻഗ്രൂപ്പ് ക്യാപ്റ്റൻ എൻ. സന്തോഷ് എന്നിവരാണ് മറ്റു പ്രതികൾ. കുന്തെയും സന്തോഷും എയർ കമ്മഡോർ റാങ്കിലാണ് റിട്ടയർ ചെയ്‌തത്.
2003 - 2007ൽ പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന ശശികാന്ത് ശർമ്മ 2011-13ൽ പ്രതിരോധ സെക്രട്ടറിയും 2013 മുതൽ 2017 വരെ സി.എ.ജിയും ആയിരുന്നു.
സി.ബി.ഐ ഇന്നലെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് അഞ്ച് പ്രതികളുടെ പങ്ക് വെളിപ്പെടുത്തിയത്.
ഇടപാടിലെ മൂന്ന് ഇടനിലക്കാരിൽ ഒരാളായ ക്രിസ്റ്റ്യൻ മിഷേൽ ജയിംസിന്റെ ജാമ്യാപേക്ഷ ഈ മാസം 11ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കോപ്റ്റർ കരാർ ഉറപ്പിക്കാൻ ജയിംസിന് 225 കോടി രൂപ അഗസ്റ്റ കമ്പനി കോഴ നൽകിയെന്നാണ് സി.ബി.ഐ കുറ്റപത്രം.
2017 ൽ സി.ബി.ഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എസ്.പി. ത്യാഗി ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു.
വിവാദ ഇടപാട്
 മുൻ യു.പി.എ സർക്കാർ ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയിൽ നിന്ന് 12 അതീവ സുരക്ഷാ ഹെലികോപ്റ്ററുകൾ വാങ്ങാൻ 2010 ഫെബ്രുവരിയിൽ 3600 കോടിയുടെ കരാറുണ്ടാക്കി.
 രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികൾക്ക് വേണ്ടിയായിരുന്നു കോപ്റ്ററുകൾ.
 വി.വി.ഐ.പികളുടെ സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാത്ത കോപ്റ്ററുകളുടെ കരാർ ഉറപ്പിക്കാൻ വെസ്റ്റ്ലാൻഡ് കമ്പനി, ഇടനിലക്കാർക്ക് കോടികൾ കോഴ നൽകി ഇന്ത്യൻ വ്യോമസേനാ ഓഫീസർമാരെ ഉൾപ്പെടെ സ്വാധീനിച്ചെന്ന് ആരോപണം.
 ഇന്ത്യയിലെ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കോഴ വാങ്ങിയെന്ന് ആരോപണം.
 വിവാദമായതോടെ 2014ൽ യു.പി.എ സർക്കാർ കരാർ റദ്ദാക്കി.