
കീവ് : ആകാശത്ത് നിന്ന് തീമഴയായി റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയിൻ നഗരങ്ങളെ ലക്ഷ്യമാക്കി പെയ്തിറങ്ങവെ തങ്ങളുടെ ജീവൻ പണയപ്പെടുത്തി മൂന്ന് യൂറോപ്യൻ രാഷ്ട്രത്തലവൻമാർ യുക്രിയിനിലെത്തി.
പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറവീകി, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫയാല, സ്ലോവേനിയൻ പ്രധാനമന്ത്രി ജാനെസ് ജാൻസ എന്നിവരും അനുബന്ധ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് പോളണ്ടിൽ നിന്ന് ട്രെയിനിൽ മണിക്കൂറുകളോളം യാത്ര ചെയ്ത് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയോടെ കീവിലെത്തിയത്.
കീവിന് ചുറ്റും റഷ്യ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിമാരുടെ സന്ദർശനം എന്നത് ശ്രദ്ധേയമായിരുന്നു. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യത്ത് സന്ദർശനം നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവൻമാർ ആണിവർ.
സുരക്ഷാ മുന്നറിയിപ്പുകൾക്കിടെയിലും യുക്രെയിന് പിന്തുണയറിയിച്ച് ചർച്ചയ്ക്കെത്തിയ നേതാക്കൾക്ക് സെലെൻസ്കി നന്ദി അറിയിച്ചു. സ്ഫോടനങ്ങൾ അരങ്ങേറുമ്പോഴും രാജ്യം സന്ദർശിക്കാൻ നേതാക്കൾ കാട്ടിയ ധൈര്യത്തെ സെലെൻസ്കി പ്രശംസിച്ചു. ചർച്ച നടക്കവെ കീവിന്റെ പടിഞ്ഞാറൻ മേഖലയിൽ വമ്പൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നു.
ആക്രമണ പശ്ചാത്തലത്തിൽ പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി 8 മുതൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. യുക്രെയിൻ ഒറ്റയ്ക്കല്ലെന്നും തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും മൂന്ന് രാഷ്ട്രത്തലവൻമാരും ചർച്ചയിൽ അറിയിച്ചു. രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായല്ല നേതാക്കൾ സന്ദർശനം നടത്തിയത്. എന്നാൽ, കഴിഞ്ഞാഴ്ച ഫ്രാൻസിൻ ചേർന്ന യൂറോപ്യൻ യൂണിയന്റെ അനൗപചാരിക യോഗത്തിൽ സന്ദർശനം സംബന്ധിച്ച നിർദേശം ഉയർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
യുക്രെയിന് യൂറോപ്യൻ യൂണിയനിൽ അടിയന്തരമായി അംഗത്വമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുള്ള നടപടികളിലേക്ക് കടക്കണമെന്ന് പോളിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഘത്തിന്റെ യാത്രയ്ക്ക് യൂറോപ്യൻ യൂണിയന്റെ പിന്തുണ അറിയിച്ചിരുന്നില്ല. ചർച്ചകൾക്ക് ശേഷം സംഘം ഇന്നലെ പോളണ്ടിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തി.
 ചെറുത്തുനിൽപ് തുടരുന്നു
അതേ സമയം, യുക്രെയിൻ സേന ചെറുത്തുനിൽപ് തുടരുകയാണ്. റഷ്യൻ സേനയിൽ വിഭവങ്ങൾക്ക് ദൗർലഭ്യം നേരിടുന്നതായി യുക്രെയിൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച് പറഞ്ഞു. റഷ്യയുടെ ഭാഗത്ത് കാര്യമായ നാശം സംഭവിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അവർ ബുദ്ധിമുട്ടുന്നുണ്ടെന്നും യു.കെ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ആക്രമണം ശക്തമാക്കാൻ റഷ്യ പദ്ധതി തയാറാക്കുന്നതായും അവർ മുന്നറിയിപ്പ് നൽകി.
ഖാർക്കീവിൽ ഇന്നലെ നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തകർത്തു. തങ്ങൾ ഇന്നലെ റഷ്യയുടെ മൂന്ന് വിമാനങ്ങളും ഒരു ഹെലികോപ്ടറുകളും മൂന്ന് ഡ്രോണുകളും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ എയർഫോഴ്സ് അറിയിച്ചു. ഫെബ്രുവരി 24 മുതൽ റഷ്യയുടെ 81 വിമാനങ്ങളും 95 ഹെലികോപ്ടറുകൾ വീഴ്ത്തിയെന്നും യുക്രെയിൻ അവകാശപ്പെട്ടു.
യുക്രെയിനിൽ ഇതുവരെ 103 കുട്ടികൾ കൊല്ലപ്പെട്ടെന്ന് പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. മരിയുപോളിൽ നിന്ന് 20,000 സിവിലിയൻമാരെ സ്വകാര്യ വാഹനങ്ങളിൽ ഒഴിപ്പിച്ചെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. കീവ്, ഒഡേസ, നിപ്രോ, ലിവീവ് ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പുകളുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെ ഒഡേസയ്ക്ക് തെക്ക് തുസ്‌ലയിലേക്ക് റഷ്യൻ യുദ്ധക്കപ്പലുകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ആന്റോൺ ഗെറെഷെൻകോ പറഞ്ഞു. ഖാർക്കീവിന്റെ വടക്ക് റഷ്യ നടത്തിയ ആക്രമണ ശ്രമം തുരത്തിയെന്ന് യുക്രെയിൻ അറിയിച്ചു. ഇനി നാറ്റോ അംഗത്വത്തിന് വേണ്ടി ശ്രമിക്കില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെയും ആവർത്തിച്ചു.
അതേ സമയം, റഷ്യൻ ഊർജ സ്രോതസുകൾക്ക് ബദലായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൗദി അറേബ്യയിലും യു.എ.ഇയിലും സന്ദർശനം നടത്തി.
യൂറോപ്യൻ കൗൺസിലിൽ നിന്ന് പിന്മാറുമെന്ന് റഷ്യ ഇന്നലെ അറിയിച്ചു. അതേ സമയം, വ്യാപാര മേഖലയിൽ റഷ്യയ്ക്ക് നൽകിയിട്ടുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്ന് ജപ്പാൻ വ്യക്തമാക്കി. നാറ്റോ, യൂറോപ്യൻ നേതാക്കളുമായി നേരിട്ട് ചർച്ച നടത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മാർച്ച് 24ന് ബ്രസൽസിലെത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
മദ്ധ്യസ്ഥ ശ്രമ ചർച്ചകളുടെ ഭാഗമായി ടർക്കിഷ് വിദേശകാര്യമന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലു ഇന്നലെ മോസ്കോയിലെത്തി. ഇദ്ദേഹം ഇന്ന് കീവിലെത്തും. മരിയുപോളിൽ നിന്നുൾപ്പെടെ 29,000 പേരെ ചൊവ്വാഴ്ച മാനുഷിക ഇടനാഴിയിലൂടെ പുറത്തെത്തിക്കാനായെന്ന് യുക്രെയിൻ അറിയിച്ചു.
 റഷ്യൻ മേജറെ വധിച്ചെന്ന് യുക്രെയിൻ
റഷ്യൻ മേജർ ജനറലായ ഒലെഗ് മറ്റയേവിനെ ( 46 ) ചൊവ്വാഴ്ച മരിയുപോളിൽ വച്ച് വധിച്ചെന്ന് യുക്രെയിൻ അവകാശപ്പെട്ടു. യുക്രെയിനിൽ കൊല്ലപ്പെടുന്ന ഉന്നതപദവിയിലുള്ള നാലാമത്തെ റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഒലെഗ്. എന്നാൽ, റഷ്യ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
 ചെർണീവിൽ 10 പേർ കൊല്ലപ്പെട്ടെന്ന് യു.എസ്
വടക്കൻ യുക്രെയിനിലെ ചെർണീവിൽ ഭക്ഷണത്തിനായി ക്യൂ നിന്ന 10 പേരെ റഷ്യൻ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയതായി കീവിലെ യു.എസ് എംബസി ആരോപിച്ചു. ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിയോടെയോടെ പ്രദേശത്തുണ്ടായ ഷെല്ലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 അധിനിവേശം അവസാനിപ്പിക്കണം : അന്താരാഷ്ട്ര നീതിന്യായ കോടതി
ഹേഗ് : യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ റഷ്യ എത്രയും പെട്ടെന്ന് യുക്രെയിനിലെ അധിനിവേശ നടപടികൾ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. യുക്രെയിൻ ഭരണകൂടം കിഴക്കൻ യുക്രെയിനിലെ റഷ്യൻ ഭാഷ സംസാരിക്കുന്നവരെ വംശഹത്യ നടത്തുന്നതാണ് റഷ്യൻ സൈനിക നടപടിക്ക് കാരണമെന്ന റഷ്യൻ ഭരണകൂടത്തിന്റെ വാദം കോടതി തള്ളി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര കോടതി പറഞ്ഞു.13 വോട്ടുകളുടെ പിന്തുണയോടെയാണ് കോടതി യുക്രെയിന് അനുകൂലമായ വിധി പാസാക്കിയത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജഡ്ജിമാർ വിധിയെ എതിർത്ത് വോട്ട് ചെയ്തു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം നടത്തുന്നുവെന്ന യുക്രെയിന്റെ പരാതിയിലാണ് കോടതിയുടെ നിർണായക വിധി.