
ബോളിവുഡ് നടി കരീന കപൂർ തന്റെ രണ്ടാമത്തെ കുഞ്ഞ് ജഹാംഗീറിന്റെ ജനനത്തിനുശേഷം വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ്. കരീന ഉടൻ തന്നെ ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കുന്നു. കെയ്‌ഗോ ഹിഗാഷിനോയുടെ ജാപ്പനീസ് നോവലായ ദ ഡിവോഷൻ ഒഫ് സസ്പെക്‌ട് എക്‌സിനെ ആസ്പദമാക്കിയൊരുക്കുന്ന പേരിടാത്ത പ്രോജക്ടിൽ കരീന കപൂറും സംവിധായകൻ സുജോയ് ഘോഷും ഒന്നിക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജയ് ഷെവക്രമണിയും അക്ഷയ് പുരിയും സുജോയ് ഘോഷും തോമസ് കിമ്മും ചേർന്നാണ് നിർമ്മാണം.
അതേസമയം കരീന ഇപ്പോൾ മക്കളായ തൈമൂർ അലീ ഖാൻ, ജഹാംഗീർ അലീ ഖാൻ, സഹോദരി കരിഷ്മ കപൂർ, കരിഷ്മയുടെ മകൻ കിയാൻ രാജ് കപൂർ എന്നിവരോടൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ്. മാലദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും കരീന സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.