
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ശ്രീനഗറിലെ നൗഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്ബയുടെ പോഷക സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ടിലെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കൻ കാശ്‌മീരിലെ ഷോപ്പിയാൻ സ്വദേശികളായ ആദിൽ തെലി, സാഖ്വിബ് താന്ത്രെ, ഉമർ തെലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എ.കെ - 47, രണ്ട് പിസ്റ്റളുകൾ തുടങ്ങിയ ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ നിരവധി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. മാർച്ച് 9ന് ഖോൻമോഹിലെ സർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ വെടിവച്ച് കൊന്ന സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാശ്‌മീർ പൊലീസ് ഐ.ജി വിജയകുമാർ പറഞ്ഞു. സ്ഥലത്ത് കൂടുതൽ ഭീകരർ താവളമടിച്ചിട്ടുണ്ടെന്നാണ് നിഗമനം. സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ജമ്മുകാശ്‌മീർ പൊലീസിന്റെയും അർദ്ധസൈനിക സേനയുടെയും സംയുക്ത സംഘം നൗഗാമിൽ തെരച്ചിൽ നടത്തുകയായിരുന്നു. പ്രദേശവാസികളെ മുഴുവൻ സുരക്ഷിതരായി ഒഴിപ്പിച്ച ശേഷമായിരുന്നിത്. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചൊവ്വാഴ്ച തെക്കൻ കാശ്മീരിലെ അവന്തിപോരയിലെ ചാർസൂ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ വധിച്ചിരുന്നു.