police-encounter

ഗുവാഹത്തി: അസാമിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിക്കി അലിയെ അസാം പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. തെളിവെടുപ്പിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഫെബ്രുവരി 16ന് നടന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരാഴ്ച മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്.

പ്രതിയുടെ ശരീരത്തിൽ നാലിടത്ത് വെടിയേറ്റതായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു.

ബിക്കി അലിയും പ്രതികളും പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗുവാഹത്തിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അവിടെ വച്ച് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതോടെ വിഷാദരോഗിയായ പെൺകുട്ടി സ്‌കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്. പിന്നാലെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അസാം സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. കുറ്റവാളികളെ പരസ്യമായി വകവരുത്തുമെന്ന് പ്രഖ്യാപിച്ച യു.പി മുഖ്യമന്ത്രി യോഗിയുടെ അതേ പാതയിലാണ് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെന്ന് അവർ ആരോപിച്ചു.