champions-legue

മാഞ്ചസ്റ്റർ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീക്വാർട്ടറിന്റെ ഇരുപാദങ്ങളിലുമായി 2-1ന് കീഴടക്കി അ‌ത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ്ട്രാഫോർഡിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജം നേടിയാണ് അത്‌ലറ്റിക്കോ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യപാദത്തിൽ ഇരുടീമും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.

രണ്ടാം പാദത്തിൽ 41-ാം മിനിട്ടിൽ ബ്രസീലിയൻ താരം റെനാൻ ലോധിയാണ് അത്‌ലറ്റിക്കോയുടെ വിജയഗോൾ നേടിയത്. കഴിഞ്ഞ ദിവസം ചരിത്രം തിരുത്തിയ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ പ്രിമിയർ ലീഗീൽ ടോട്ടൻഹാമിനെ വീഴ്ത്തിയതിന്റെ ആത്‌മവിശ്വാസവുായി ഇറങ്ങിയ മാഞ്ചസ്റ്ററിന് പക്ഷേ അത്‌ലറ്റിക്കോയുടെ പ്രതിരോധകോട്ട തകർക്കാനായില്ല. ബാൾ പൊസഷനിലും പാസിംഗിലും ഷോട്ടിലുമെല്ലാം യുണൈറ്റഡായിരുന്നു മുൻപിലെങ്കിലും ലക്ഷ്യം കാണാൻ അവർക്കായില്ല.

സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാന്റെ പാസിൽ നിന്നാണ് ലോധി അത്‌ല‌റ്റിക്കോയുടെ വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി മാഞ്ചസ്റ്റർ ഏറെ ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോ ഗോളി ഒബ്ലക്കും പ്രതിരോധ നിരയും ജാഗ്രത പാലിച്ചു. അതേസമയം മത്സരത്തിലെ റഫറിയിംഗിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും ആരാധകരും പരാതിയുമായി രംഗത്തെത്തി. മത്സര ശേഷം യുണൈറ്റഡിന്റെ കോച്ച് റാഗ്നിക്ക് റഫറിയെ പരസ്യമായി വിമർശിക്കുകയും ചെയ്തു.

അയാക്സിനെ ഇരുപാദങ്ങളിലുായി 3-2ന് കീഴടക്കി ബെൻഫിക്കയും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. അയാക്സിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 1-0ത്തിന്റെ വിജയം നേടാനായതാണ് ബെൻഫിക്കയ്ക്ക് തുണയായത്. ആദ്യ പാദം 2-2ന് സമനിലയായിരുന്നു. ഡാർവിൻ ന്യൂനസാണ് രണ്ടാം പാദപ്രീക്വാർട്ടറിൽ ബെൻഫിക്കയുടെ വിജയഗോൾ നേടിയത്.