തിരുവനന്തപുരം: 89ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം (സേവനം) യു.എ.ഇ തലത്തിൽ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും അവലോകന യോഗവും നടത്തി. വിജയികൾക്ക് സ്വർണനാണയവും പ്രശസ്തി ഫലകവും നൽകി.

യു.എ.ഇയിലെ സാമൂഹിക പ്രവർത്തകനും ഷാർജ ഇന്ത്യൻ അസ്സോ. പ്രസിഡന്റുമായ അഡ്വ. വൈ.എ.റഹിം, നിയമ പ്രതിനിധിയും ഗ്ലോബൽ പ്രവാസി അസ്സോ. ചെയർമാനുമായ സലാം പാപ്പിനിശ്ശേരി, ശാരീരിക വെല്ലുവിളി നേരിട്ടിട്ടും 61 മിനിട്ടിനുള്ളിൽ പെരിയാർ‌ നീന്തിക്കടന്ന മുഹമ്മദ് അസിം, ശിവഗിരി തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ ശിവദാസൻ, പൂവാർ ഫൈനാൻസ് കൺവീനർ ജെ.ആർ.സി സാബു എന്നിവരെ ആദരിച്ചു. അസിമിന് യു.ഇ.എ സേവനം സംഘടന ക്യാഷ് അവാർഡ് നൽകി.

സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ് അദ്ധ്യക്ഷനായി. വൈ.എ.റഹിം മുഖ്യ പ്രഭാഷണം നടത്തി. വനിത സെക്രട്ടറി ഉഷ ശിവദാസൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് തിരുകുളം, മീഡിയ കൺവീനർ സുധീഷ് സുഗതൻ, കെ.എസ് വാചസ്പതി, അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ.കെ.ദാസ് എന്നിവർ പങ്കെടുത്തു.