kafeelkhan

ലക്‌നൗ: ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലെ മുൻ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽഖാനെ ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. എസ്.പി നാഷണൽ സെക്രട്ടറി രാജേന്ദ്ര ചൗധരിയാണ് കഫീൽഖാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ദെവാരിയകുശി നഗർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക.

ലജിസ്ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം 'ദ ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി' അഖിലേഷിന് സമ്മാനിച്ചു.

2017 ആഗസ്റ്റിലാണ് ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ചത്. സംഭവത്തിൽ യു.പി സർക്കാരിന്റെ വീഴ്ചകൾ കഫീൽഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കഫീൽഖാനെ യു.പി സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.