kk

ന്യൂഡൽഹി : കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് . പ്രിയങ്ക ​ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണൻെറ പേരാണ് കോൺഗ്രസിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റിലേക്ക് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ ടീമിൽ ഉൾപ്പെട്ടയാളാണ് തൃശ്ശൂ‍ർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന 57-കാരൻ. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്‌കൂടി നിർദേശിക്കാനാണ് നിർദേശം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


അതേസമയം രാജ്യസഭാ സീറ്റിലേക്ക് എം.ലിജുവിൻ്റെ പേരാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ട് വയ്ക്കുന്നത് എന്നാണ് സൂചന. ഇന്ന് രാവിലെ എം..ലിജുവിനൊപ്പം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ രാഹുൽ ​ഗാന്ധിയെ കണ്ടിരുന്നു. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ​ഘടകകക്ഷി നേതാക്കളും സമ്മർദ്ദം ചെലുത്തിയിരുന്നു, ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഹൈക്കമാൻഡിന്റെ പുതിയ നിർദ്ദേശം.

എ.ഐ.സി.സി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയത്. നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ്.