ഒറ്റപ്പാലം: കവളപ്പാറ കൂനത്തറ തിയ്യന്നൂർ മനയിലേക്ക് ഒരിക്കൽകൂടി ഗുരുവായൂരപ്പന്റെ അനുഗ്രഹം. പുതിയ മേൽശാന്തി ടി.എം. കൃഷ്ണചന്ദ്രൻ നമ്പൂതിരിയുടെ (37) പിതാവ് പരേതനായ തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരി നേരത്തെ നാലുതവണ ഗുരുവായൂർ മേൽശാന്തിയായിട്ടുണ്ട്. ഒട്ടേറെ ക്ഷേത്രങ്ങളുടെ തന്ത്രി മുഖ്യനായിരുന്നു അദ്ദേഹം. ശേഷം കൃഷ്ണചന്ദ്രൻ നമ്പൂതിരി തന്ത്രി സ്ഥാനം ഏറ്റെടുത്തു.
"പതിനൊന്നാം തവണയാണ് മേൽശാന്തി നിയമനത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. ഇത്തവണ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു. പ്രതീക്ഷ ഉണ്ടായിരുന്നില്ല. കിട്ടിയതിൽ സന്തോഷം. ദൈവകടാക്ഷമാണിത്"- കൃഷ്ണചന്ദ്രൻ നമ്പൂതിരി പറഞ്ഞു.
ഇന്നലെ വൈകിട്ട് ഗുരുവായൂരിലേക്ക് തിരിച്ച കൃഷ്ണചന്ദ്രൻ നമ്പൂതിരി 12 ദിവസത്തെ ഭജനം പൂർത്തിയാക്കി ഏപ്രിൽ ഒന്നിന് മേൽശാന്തി സ്ഥാനം ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന മേൽശാന്തി തെക്കേപ്പാട്ട് ജയപ്രകാശ് നമ്പൂതിരി അയൽ പ്രദേശത്തുകാരൻ കൂടിയാണ്. കവളപ്പാറയിൽ നിന്നുള്ള ഏഴാമത്തെ മേൽശാന്തിയാണ് ഇദ്ദേഹം. ബികോം ബിരുദധാരിയായ കൃഷ്ണചന്ദ്രൻ നമ്പൂതിരി ഒറ്റപ്പാലം അർബ്ബൻ ബാങ്ക് ജൂനിയർ ക്ലാർക്കായി ജോലി ചെയ്തുവരികയാണ്. ദേവിക അന്തർജ്ജനമാണ് അമ്മ. ഭാര്യ: സൗമ്യ. മക്കൾ: കൃഷ്ണദേവ്, ദേവശ്രീ.