goonda

ചെന്നൈ: തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം എൺപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ പൊലീസ് വെടിവച്ചുകൊന്നു. തൂത്തുക്കുടിയിലെ പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകനെയാണ് പൊലീസ് എൻകൗണ്ടറിലൂടെ വെടിവച്ചുകൊന്നത്. തിരുനെൽവേലിയിലെ കലങ്കാട് നങ്കുനേരിയിൽ വച്ചാണ് മുരുകനെ കൊലപ്പെടുത്തിയത്. കേരളം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇയാൾക്കെതിരെ കേസുള‌ളത്.

കലങ്കാട് ഒഴിഞ്ഞ ഒരു റോഡിൽ കവർച്ച കേസ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം എത്തിയിരുന്നു. പഴനിയിൽ നടന്ന ഒരു കവ‌ർച്ചയുടെ അന്വേഷണമായിരുന്നു ഇത്. മുരുകനെ പിടിക്കാൻ ശ്രമിക്കവെ ഇയാൾ ആയുധമുപയോഗിച്ച് പൊലീസുദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് സംഘം ഇയാൾക്ക് നേരെ വെടിവച്ചത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതുകൊണ്ടാണ് വെടിവച്ചതെന്ന് പൊലീസ് വിശദീകരിച്ചു. നെഞ്ചിലാണ് മുരുകന് വെടിയേറ്റത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് കുറ്റവാളികളെ തമിഴ്‌നാട് പൊലീസ് എൻകൗണ്ടർ ചെയ്‌ത് കൊലപ്പെടുത്തിയിട്ടുണ്ട്. കവർച്ച, മോഷണം, കൊലപാതകം അടക്കം വിവിധ ക്രിമിനൽ കേസുകളാണ് നീരാവി മുരുകനെതിരെ ഉണ്ടായിരുന്നത്.