mother

കരാറിന് അരികിലെന്ന് റഷ്യൻ വിദേശമന്ത്രി

മോസ്കോ : റഷ്യയും യുക്രെയിനും തമ്മിലുള്ള നാലാം ചർച്ചയിൽ ഒരു സമാധാന കരാറിന് വളരെ അടുത്ത് എത്തിയതായി സൂചന നൽകി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ചർച്ചകൾ കഠിനമായിരുന്നെങ്കിലും നിർണായക പുരോഗതി ഉണ്ടായെന്നും വീട്ടുവീഴ്ച പ്രതീക്ഷിക്കുന്നതായും രണ്ട് ഭാഗവും ഒരു കരാറിന് അരികിലാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ ഓസ്ട്രിയ, സ്വീഡൻ എന്നീ രാജ്യങ്ങളെ പോലെ നാറ്റോ സൈനിക സഖ്യത്തിന് പുറത്ത് സ്വന്തം സൈന്യമുള്ള നിഷ്പക്ഷ രാജ്യമാകാൻ യുക്രെയിൻ സമ്മതിച്ചാൽ സമാധാന കരാറാകുമെന്നാണ് പ്രതീക്ഷ. ഇതിന് യുക്രെയിൻ സമ്മതിച്ചിട്ടില്ല. വെടിനിറുത്തലും റഷ്യൻ പിന്മാറ്റവും ആണ് യുക്രെയിൻ അടിയന്തരമായി ആവശ്യപ്പെടുന്നത്. ഇവ ഉൾപ്പെടെ 15 കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പ്രാഥമിക സമാധാന കരാറിന് റഷ്യയും യുക്രെയിനും രൂപം നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

റഷ്യയുമായുള്ള ചർച്ച വളരെ ബുദ്ധിമുട്ടുള്ളതായിരുന്നെന്നും ഇരു പക്ഷത്തും വൈരുദ്ധ്യങ്ങളുണ്ടായിരുന്നെന്നും എന്നാൽ ഒത്തുതീർപ്പിന് അവസരമുണ്ടാകുമെന്ന് കരുതുന്നതായും ചർച്ചകൾ തുടരുമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പൊഡൊലൈക് പറഞ്ഞു.

​ യുക്രെയിന്റെ ' നിഷ്പക്ഷ നില ( ന്യൂട്രൽ സ്റ്റാറ്റസ് ) " സംബന്ധിച്ചും ചർച്ച നടന്നതായി ലാവ്‌റോവ് വ്യക്തമാക്കി. സ്വന്തം സൈന്യത്തോടെ നിഷ്പക്ഷ രാജ്യ പദവിക്ക് യുക്രെയിൻ തയാറായാൽ വിട്ടുവീഴ്ചയായി കണക്കാക്കാമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയിൻ - റഷ്യ ചർച്ച ഇന്നലെയും തുടർന്നു. നിഷ്പക്ഷ നില സ്വീകരിക്കണമെന്ന റഷ്യൻ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഓഫീസ് അറിയിച്ചു.