oil

മോസ്‌കൊ: രണ്ടാഴ്‌ചയോളമായി തുടരുന്ന റഷ്യയുടെ യുക്രെയിൻ ആക്രമണം രാജ്യത്തിന് ശരിക്കും ദോഷം ചെയ്യുന്നതായി സൂചനകൾ. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്ത പുടിന്റെ നടപടി റഷ്യയ്‌ക്ക് അൽപം പ്രയാസമുണ്ടാക്കുന്നുണ്ട്. അമേരിക്കയും ബ്രിട്ടണുമടക്കം വിവിധ ഉപരോധങ്ങൾ വഴി പൊറുതിമുട്ടിക്കുമ്പോൾ തങ്ങളുടെ പ്രധാന വരുമാന സ്രോതസായ എണ്ണ വിൽക്കാൻ രാജ്യം വലിയ ഡിസ്‌കൗണ്ടുകൾ ചെയ്യുന്നതായി വിവരം. ഇന്ധനവും എണ്ണയും വിലകുറച്ചതോട് ഇന്ത്യയ്‌ക്ക് ഈ കുറഞ്ഞവിലയ്‌ക്ക് എണ്ണ വാങ്ങാൻ കഴിയും.

യൂറോപ്പിലെ പ്രധാന എണ്ണ വിതരണക്കാരായ റഷ്യയ്‌ക്ക് ഉപരോധം കൊണ്ടുവന്നാൽ ആഗോളതലത്തിൽ എണ്ണവില വ‌ർദ്ധിക്കുമെന്ന് കരുതി അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ യുക്രെയിൻ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകാതിരുന്നതോടെ റഷ്യയ്‌ക്ക് പ്രതിസന്ധി സൃഷ്‌ടിക്കാൻ അമേരിക്ക എണ്ണ ഇറക്കുമതി നിരോധിച്ചു. ബ്രിട്ടൺ ഒരുപടികൂടി കടന്ന് റഷ്യയ്‌ക്കെതിരെ ആഗോള കൂട്ടയ്‌മയുണ്ടാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ യൂറോപ്പിലെ റഷ്യയുടെ എണ്ണ വിപണിയിലെ ഇടപെടൽ അവസാനിപ്പിക്കാനാണ് ശ്രമം.

റഷ്യ നൽകുന്ന ഇന്ധനം വൈദ്യുതി, വ്യവസായ ആവശ്യങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങൾ ഉപയോഗിച്ചിരുന്നു. യൂറോപ്പിന് ആവശ്യമായ 40 ശതമാനം ഇന്ധനവും നൽകിയിരുന്നത് റഷ്യയാണ്. ഈ രാജ്യങ്ങൾ ഇന്ധനം വാങ്ങാതെ വരുന്നതോടെ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും കുറഞ്ഞനിരക്കിൽ റഷ്യയ്‌ക്ക് എണ്ണ വിൽക്കേണ്ടി വരും. തങ്ങളുടെ സുഹൃദ്‌രാജ്യങ്ങളോട് വ്യാപാരത്തിലും നിക്ഷേപത്തിലും തുടർന്നും സഹകരണം റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ആവശ്യംവരുന്ന ഇന്ധന ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് സാധാരണയായി പതിവ്. ഇതിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെമാത്രമാണ് റഷ്യയിൽ നിന്ന് വാങ്ങുന്നത്. രാജ്യത്ത് ഇതുവരെ ഈ വർഷം 40 ശതമാനത്തോളം ഇന്ധനവില വർദ്ധനയുണ്ടായതിനാൽ ഈ അളവ് വർദ്ധിപ്പിച്ച് എണ്ണവില പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.

അതേസമയം ഇന്ത്യ തങ്ങൾക്ക് ആവശ്യമായ ഇന്ധനം റഷ്യയിൽ നിന്നും വാങ്ങുന്നത് ഉപരോധ നയങ്ങളെ ബാധിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സർക്കാർ എണ്ണവില വർദ്ധനവിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ വേണ്ട നടപടികൾ കൈക്കൊള‌ളുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ നിലവിലെ സാഹചര്യം ചേർത്ത് വായിച്ചാൽ ഇന്ത്യയിൽ എണ്ണവിലക്കയറ്റത്തിന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ സാദ്ധ്യതയുണ്ട്.