
തിരുവനന്തപുരം : ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിനും ഉൾപ്പെടുന്നതായി സൂചന. ഫോറൻസിക് പരിശോധനയിലാണ് ഇരുവരും സംഭാഷണം നടത്തിയെന്ന് വ്യക്തമായത്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ്. ഫോൺ വിളിച്ചത്. സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു.
സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണു വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ഫോണിൽ നിന്നു നീക്കിയെന്നതാണ് ആരോപണം. അതേസമയം കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണു ഫോണില്‍നിന്നു കളഞ്ഞതെന്നു ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ ദിലീപിന്റെ അഭിഭാഷകർക്കെതിരായ നടി നൽകിയ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ അറിയിച്ചു. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ബാർ കൗൺസിലിന്റെ മാർഗ നിർദ്ദേശമനുസരിച്ച് പരാതി നൽകണമെന്നും മറുപടി. പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു.