
ന്യൂഡൽഹി : പാക് മണ്ണിൽ അബദ്ധത്തിൽ ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചും മിസൈൽ അയച്ച് തിരിച്ചടിക്കാൻ പാകിസ്ഥാൻ ഒരുങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലിനിടെ ചില സുപ്രധാന വിവരങ്ങൾ കണ്ടെത്തിയതിനാൽ പാകിസ്ഥാൻ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹരിയാനയിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ ബ്രഹ്മോസ് മീഡിയം റേഞ്ച് ക്രൂസ് മിസൈൽ കുതിച്ചുയർന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. എന്നാൽ ഏത് മിസൈലാണ് ഉപയോഗിച്ചതെന്ന് ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും, സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ, രാജ്നാഥ് സിംഗിന്റെ പ്രസ്താവന തൃപ്തികരമല്ലെന്നും ഇരു രാജ്യങ്ങളുടെയും സംയുക്ത അന്വേഷണം വേണമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
മാർച്ച് 9നാണ് ഇന്ത്യൻ മിസൈൽ പാക് മണ്ണിൽ പതിച്ചത്. സംഭവത്തിൽ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.