
നമ്മൾ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണസാധനം ഏതാണ്? മുൻനിരയിലായി പൊറോട്ടയും ബിരിയാണിയും ഉണ്ടാകും. എന്നാൽ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്ന വിഭവങ്ങളിൽ പ്രിയം ദോശയും ഇഡ്ഢലിയുമാണ്. അപ്പോൾ ഇഷ്ടമല്ലാത്തത് ചോദിച്ചാലോ? പരീക്ഷയിൽ ചോദിച്ച ഇത്തരമൊരു ചോദ്യത്തിന് വിദ്യാർത്ഥിയെഴുതിയ മറുപടി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഉണ്ണിമുകുന്ദനെ പോലെ താരങ്ങളടക്കം ഈ ഉത്തരക്കടലാസ് ഷെയർ ചെയ്തിട്ടുണ്ട്.
ഈ കുട്ടിയുടെ ഇഷ്ടമല്ലാത്ത ആഹാരം പുട്ടാണ്. അതെ അരിപ്പൊടിയും തേങ്ങയുമൊക്കെ ചേർത്ത് പഴവും കടലയുമെല്ലാം കൂട്ടിക്കുഴച്ച് നമ്മൾ കഴിക്കുന്ന പുട്ട് തന്നെ. ബന്ധങ്ങൾ തകർക്കുന്ന ഭക്ഷണമാണ് പുട്ടെന്നാണ് കുട്ടി ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരം ഇങ്ങനെയാണ്. 'കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് പുട്ട്. അരി ഉപയോഗിച്ച് വളരെ എളുപ്പമായി ഇതുണ്ടാക്കും. എന്റെ അമ്മ എന്നും പുട്ടുണ്ടാക്കും. പുട്ടുണ്ടാക്കി അഞ്ച് മിനുട്ടുകഴിഞ്ഞാൽ അത് പാറപോലെ കട്ടിയാകും. അത് കഴിക്കാൻ പറ്റില്ല. വേറെ ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് അമ്മോട് പറഞ്ഞാൽ ഉണ്ടാക്കിത്തരികയുമില്ല. അവസാനം പട്ടിണികിടക്കലായി, കരച്ചിലായി. അതുകൊണ്ട് ബന്ധങ്ങളെ തകർക്കുന്ന ഭക്ഷണമാണ് പുട്ട്.'
വിദ്യാർത്ഥിയുടെ ഈ ഉത്തരം പുട്ട്വിരോധികളായവരെല്ലാം ഏറ്റെടുത്തുകഴിഞ്ഞു. പുട്ട് സ്നേഹികളും പോസ്റ്റിനെതിരെ കമന്റുമായി വന്നിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് പൂപോലെ മൃദുവായ പുട്ടുണ്ടാക്കാൻ അറിയാത്തതാകും കാരണമെന്നാണ് ചിലർ പറയുന്നത്. പുട്ടിനെതിരെ സമരം ചെയ്ത് വിജയിച്ചിട്ടുണ്ടെന്നും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.