
ഫറ്റോർഡ: ഞായറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫൈനൽ കാണാൻ ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സെർബിയക്കാരനായ വുകോമനോവിച്ച് ആരാധകരെ ഗോവയിലേക്ക് വീണ്ടും വിളിച്ചത്. സിദ്ധിക്ക് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ സിനിമയിലെ കേറിവാടാ മക്കളേ എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് വുകോമനോവിച്ച് ആരാധകരെ ക്ഷണിക്കുന്നത്.
നമ്മൾ ഐ.എസ്.എൽ ഫൈനൽ കളിച്ചിട്ട് കുറച്ചു നാളായി.ഞങ്ങൾ നിങ്ങളെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ വന്നും ഞങ്ങളെ പിന്തുണയ്‌ക്കൂ. കേറിവാടാ മക്കളെ... വീഡിയോയിലൂടെ വുകോമനോവിച്ച് ആരാധകരോടായി പറഞ്ഞു.
രണ്ടാം പാദ സെമി കഴിഞ്ഞ ഉടനേയും വുകോമനോവിച്ച് ആരാധകരെ ഗോവയിലേക്ക് സ്വാഗതം ചെയ്തിരുന്നു. മഞ്ഞപ്പട ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു, ഞങ്ങൾ നിങ്ങളെ ഇവിടെ കാത്തിരിക്കുന്നു. വരൂ എന്ന് പറഞ്ഞുള്ള വുകോമനോവിച്ചിന്റെ വാക്കുകൾ നേരത്തേ വൈറലായിരുന്നു,