
തിരുവനന്തപുരം: കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിക്കുന്നു. .ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക.
ഒരു ഐ ജി, നാല് എസ് പി, 11 ഡിവൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ്യ ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും.
മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.