shama

തിരുവനന്തപുരം: കേരളത്തിൽ നിന്നുള‌ള ഒരു രാജ്യസഭാ സീറ്റിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ശ്രീനിവാസൻ കൃഷ്‌ണനെ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനിടെ എം.ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ കരുനീക്കവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. കെ.വി തോമസ് ആദ്യം തന്നെ സ്ഥാനമോഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു വനിതയെ രാജ്യസഭയിലേക്ക് അയക്കണമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദും ആവശ്യപ്പെട്ടിരിക്കുന്നു.

ഒരു ചാനൽ ചർച്ചയിലാണ് ഷമ തന്റെ ആശയം അറിയിച്ചത്. കഴിഞ്ഞ നാൽപത് വർഷമായി കേരളത്തിൽ നിന്ന് ഒരു വനിതാ എംപിയുണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം വനിതകൾക്ക് സീറ്റ് നൽകുന്നുണ്ടെന്നും ഷമ പറഞ്ഞു. അതേസമയം യുവാക്കളെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കേരള നേതൃത്വത്തിന്റെതടക്കം പ്രധാന ആവശ്യം. സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർത്ഥികൾ യുവാക്കളാണ്. അതേസമയം വനിതകളെ പരിഗണിച്ചാൽ ബിന്ദു കൃഷ്‌ണയ്‌ക്കും ഷാനിമോൾ ഉസ്‌മാനും സാദ്ധ്യതയുണ്ട്. യുവാക്കളാണെങ്കിൽ സതീശൻ പാച്ചേനി, വി.ടി ബൽറാം എന്നിവരെയും പരിഗണിക്കുന്നു. മുതിർന്ന നേതാക്കളായ മുല്ലപ്പള‌ളി രാമചന്ദ്രൻ, എം.എം ഹസൻ എന്നിവരുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു. സിഎംപിയ്‌ക്ക് നൽകണമെന്ന് അഭിപ്രായമുണ്ടായെങ്കിലും നിലവിൽ അതിന് സാദ്ധ്യതയില്ല.