
മുംബയ്: റഷ്യ-യുക്രെയിൻ ചർച്ചയിൽ പുരോഗതിയുണ്ടായതോടെ ഓഹരി സൂചികകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സൂചികകൾ മികച്ച നിലവാരത്തിലെത്തി. സെൻസെക്സ് 1,040 പോയന്റ് ഉയർന്ന് 56,817ലും നിഫ്റ്റി 312 പോയന്റ് നേട്ടത്തിൽ 16,975ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധന തീരുമാനം സംബന്ധിച്ച് വരാനിരിക്കുന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവ് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. അൾട്രടെക് സിമെന്റ്(4.6ശതമാനം)ആണ് നിഫ്റ്റിയിൽ നേട്ടത്തിൽ മുന്നിലെത്തിയത്. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ 2-3ശതമാനം നേട്ടമുണ്ടാക്കി. സിപ്ല, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്.