df

മുംബയ്: എംത്രീഎം ഹുറൂൺ ഇന്ത്യയുടെ ഈവർഷത്തെ അതിസമ്പന്ന പട്ടികപ്രകാരം ആസ്‌തിയിൽ 24 ശതമാനം വർദ്ധനയുമായി റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ. 103 ബില്ല്യൺ ഡോളറാണ് മുകേഷിന്റെ ആസ്‌തി. തുടർച്ചയായി ഇത് രണ്ടാംതവണയാണ് മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്പന്നനാകുന്നത്. അതേസമയം,​ ആസ്തിയിൽ 153 ശതമാനം വർദ്ധനയുമായി അദാനിഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യൻപട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടുപിന്നിലുണ്ട്. 2022ൽ ഇന്ത്യയിൽ ഏറ്റവുമധികം സ്വത്ത് സമ്പാദിച്ചതും അദാനിതന്നെയാണ്. 49 ബില്ല്യൺ ഡോളറിന്റെ വർദ്ധനയാണ് 2022ൽമാത്രം അദാനിയുടെ സമ്പത്തിലുണ്ടായത്.

അതേസമയം,​ ഹുറൂൺ റിച്ച് ലിസ്റ്റിൽ ആഗോളതലത്തിൽ ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. ഒമ്പതാം സ്ഥാനത്താണ് അംബാനി നിൽക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാർട്ട് സ്ഥാപകൻ രാധാ കിഷൻ ദമാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആഗോളതലത്തിലെ ആദ്യ നൂറിൽ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാർ.